2016 Jan 16 | View Count: 492

പനങ്ങാട് പഞ്ചായത്ത് ഒൻപതാം വാർഡിലെ പൂവമ്പായിയിൽ വയൽ മണ്ണിട്ടു നികത്താനുള്ള നീക്കത്തിനെതിരെ യുഡിഎഫ് നടത്തിയ പ്രക്ഷോഭം ഫലം കണ്ടു. നികത്താനിറക്കിയ മണ്ണ് വയൽ പ്രദേശത്തുനിന്ന് നീക്കം ചെയ്തു.വില്ലേജ് ഓഫിസറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്ഥല ഉടമ തന്നെ മണ്ണ് നീക്കം ചെയ്യുകയായിരുന്നു.പൂവമ്പായിയിലെ വയൽ നികത്തലിനെതിരെ ഒൻപതാം വാർഡ് യുഡിഎഫ് കമ്മിറ്റിയാണ് രംഗത്തെത്തിയത്.മണ്ണിറക്കാൻ ‍തുടങ്ങിയ സമയത്തു തന്നെ പ്രദേശത്ത് കൊടി നാട്ടി യുഡിഎഫ് പ്രവർത്തകർ തടഞ്ഞിരുന്നു.വയൽ പ്രദേശം നികത്തുന്നത് വലിയ പ്രതിസന്ധിക്കിടയാക്കുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു.വയലിന്റെ ഒരു ഭാഗം നികത്തുന്നതോടെ മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമാകുകയും വയലിന്റെ സ്വാഭാവിക തുടർച്ച നഷ്ടമാകുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് കലക്ടർ ഉൾപ്പടെയുള്ളവർക്ക് പരാതി നൽകി. ഈ പരാതിയിൽ മണ്ണു മാറ്റാൻ അധികൃതർ നിർദേശം നൽകിയെങ്കിലും ആദ്യ ഘട്ടത്തിൽ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്ഥല ഉടമ ഇത് അവഗണിക്കുകയായിരുന്നെന്നാണ് ആക്ഷേപം. ഇതിനെതിരെ യൂത്ത് കോൺഗ്രസ് ശക്തമായ നിലപാട് എടുത്തിരുന്നു. നടപടി ഉണ്ടാകുന്നില്ലെങ്കിൽ പ്രതിഷേധം ശക്തമാകുമെന്ന സ്ഥിതി വന്നതോടെ ബന്ധപ്പെട്ടവർ മണ്ണെടുത്ത് മാറ്റാൻ നിർബന്ധിതമാകുകയായിരുന്നു.





 

Posted by : admin, 2016 Jan 16 09:01:21 am