2015 Jul 09 | View Count: 423

നിങ്ങള്‍ ഒരുപാട്‌ സംസാരിച്ചിരുന്ന ആളാണോ...? ഇപ്പോള്‍ ആളുകളെ കാണുമ്പോള്‍ അകന്നുപോകാന്‍ തോന്നുന്നുണ്ടൊ....? അമിതമായ ഉറക്കമോ ഉറക്ക കുറവോ തോന്നുന്നുണ്ടോ...? വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ പോലും മറന്നുപോകുന്നുണ്ടൊ...? ഭക്ഷണത്തോടും നിറങ്ങളോടും മടുപ്പുതോന്നി തുടങ്ങിയോ...? ചുറ്റുമുള്ള ഒന്നിനും നിങ്ങളെ സന്തോഷിപ്പിക്കാന്‍ കഴിയുന്നില്ലന്നായോ...അകാരണമായി കരയാന്‍ തോന്നാറുണ്ടോ...?പഴയ പേലെ സൗന്ദര്യത്തിലും വസ്‌ത്ര ധാരണത്തിലും ഉള്ള താത്‌പര്യം നശിച്ച്‌ തുടങ്ങിയോ....? ഈ ലക്ഷണളൊക്കെയുണ്ടെങ്കില്‍ സൂക്ഷിക്കുക നിങ്ങള്‍ വിഷാദരോഗത്തിനടിമയാകാം. ജീവിതത്തിന്റെ എതെങ്കിലും ഘട്ടത്തില്‍ വിഷാദം പിടിപെടാത്തവര്‍ കുറവാണ്‌. എന്നാല്‍ ഏറെക്കാലം നീണ്ടുനില്‍ക്കുമ്പോള്‍ ഇത്‌ ചികിത്സ ആവശ്യമുള്ള രോഗാവസ്‌ഥയാകുന്നു. ലോകത്തില്‍ ഏറ്റവും അധികം വിഷാദരോഗികള്‍ ഉള്ളത്‌ ഇന്ത്യയിലാണ്‌. 37 ശതമാനം എന്ന്‌ കണക്കുകള്‍ പറയുന്നു.

കാലങ്ങള്‍ പഴക്കമുള്ള രോഗമാണെങ്കിലും 'ഡിപ്രഷന്‍' എന്ന്‌ വിളിയ്‌ക്കുന്ന വിഷയത്തെ കുറിച്ച്‌ ഇത്രയേറെ ചര്‍ച്ചകള്‍ നടന്നത്‌ ഈ അടുത്തകാലത്താണ്‌. സമൂഹത്തില്‍ വളരെ തിരക്കുപിടിച്ച ജീവിതം നയിക്കുന്നവര്‍ പോലും വിഷാദത്തിന്‌ അടിമയാകുന്നു എന്നത്‌ രോഗത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. വിഷാദം ഉണ്ടാകുന്നതിന്‌ പ്രധാന കാരണം വൈകാരിക അസന്തുലിതവസ്‌ഥയാണന്ന്‌ മനശാസ്‌ത്രം ചൂണ്ടിക്കാണിക്കുന്നു.

ലോകത്തിലെ നിറങ്ങളില്‍ നിന്നും പിന്തിരിഞ്ഞ്‌ തികച്ചും ഏകാന്തമായൊരു ജീവിതം നയിക്കാന്‍ വിഷാദരോഗികള്‍ ശ്രമിക്കുന്നു. വിഷാദരോഗം ഒരു കടുത്തമാനസീക രോഗമാണെന്ന തെറ്റ്‌ ധാരണകൊണ്ടും സമൂഹത്തെ ഭയന്നും പലരും ഇത്‌ തുറന്ന്‌ പറയാന്‍ മടിക്കുന്നത്‌ തക്കസമയത്ത ചികിത്സയും പരിചരണവും ലഭിക്കുന്നതിന്‌ തടസമാകുന്നു. പലപ്പോഴും ഇവരെ കേള്‍ക്കാനും ഇവര്‍ക്കുവേണ്ടി സമയം ചെലവഴിക്കാനും സുഹൃത്തക്കള്‍ പോലും തയാറാകാത്തത്‌ വിഷാദരോഗികളുടെ ഏകാന്തതയുടെ കാഠിന്യം വര്‍ധിപ്പിക്കുന്നുണ്ട്‌. വിഷാദരോഗം അതിന്റെ ഉന്നതിയില്‍ എത്തുമ്പോള്‍ മാത്രമേ ചുറ്റുമുള്ളവര്‍ പോലും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കൂ എന്നതും ഗൗരവമേറിയ വസ്‌തുതയാണ്‌.

വിഷാദം ശരീരത്തെ ബാധിക്കും പോലെ തന്നെ മനസിനെ ബാധിക്കുന്ന ഒരു രോഗമാണെന്ന്‌ ചുറ്റുമുള്ളവര്‍ തിരിച്ചറിയണം. തീര്‍ച്ചയായും മരുന്നുകള്‍ക്കൊണ്ടും കൗണ്‍സിലിങ്‌ കൊണ്ടും വിഷാദത്തില്‍ നിന്നും പൂര്‍ണ്ണമായി സുഖംപ്രാപിക്കാന്‍ കഴിയും. മരുന്നുകള്‍ക്കൊപ്പം വേണ്ടപ്പെട്ടവരുടെ കരുതല്‍ കൂടിയുണ്ടെങ്കില്‍ പൂര്‍ണ്ണമായും വിഷാദത്തെ മാറ്റാന്‍ കഴിയുമെന്നതില്‍ സംശയംവേണ്ട.

Posted by : admin, 2015 Jul 09 06:07:26 pm