2014 Sep 09 | View Count: 486

അംബ്രോസിയ (Ambrosia) എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന അമൃത് ടൈനോസ്പോറകോര്‍ഡിഫോളിയ (Tinospora cordifolia Miers) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ചിറ്റമൃതുംടൈനോസ്പോറ മലബാറിക്ക (Tinospora Malabarica) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന കാട്ടമൃത് എന്നിങ്ങനെ രണ്ടുതരമുണ്ട്. ഇതൊരു ലതാസസ്യമാണ്. ചിറ്റമൃത് എന്ന പേരിലും അറിയപ്പെടുന്ന ഈ സസ്യം മരണമില്ലാത്തവന്‍ ‍അല്ലെങ്കില്‍ ദീര്‍ഘകാലം ജീവിച്ച് മരണത്തെ അകറ്റി നിറുത്തന്നവന്‍ എന്ന പേരിന് തീര്‍ത്തും അനുയോജ്യമാണ്. ഇതിന്റെ തണ്ടുമുറിച്ച് മരങ്ങളുടെ മുകളില്‍ കെട്ടിത്തൂക്കിയാല്‍ പോലും വേരു താഴേക്കു വിട്ട് മരണത്തെ അതിജീവിക്കും. കാട്ടമൃത്, പോത്തനമൃത്, ചിറ്റമൃത് തുടങ്ങി പലയിനങ്ങളുണ്ടെങ്കിലും രോമങ്ങളില്ലാത്ത ചെറിയ ഇലകളുള്ള ചിറ്റമൃതിനാണ് ഏറ്റവും കൂടുതല്‍ ഔഷധഗുണം. കാടുകളിലും നാട്ടിന്‍പുറങ്ങളിലും ധാരാളമുള്ള ഈ കയ്പന്‍ വള്ളിച്ചെടി വന്‍മരങ്ങളി‍ല്‍ പടര്‍ന്നു കയറുന്നവയാണ്. ഇലയ്ക്ക് വെറ്റിലയുടെ രൂപവുമായി സാമ്യമുണ്ട്. നല്ല മൂപ്പെത്തിയ വള്ളികള്‍ക്ക് തള്ളവിരലോളം വണ്ണമുണ്ടാകും.
ആയുര്‍വേദ വിധിപ്രകാരം കയ്പുരസവും ഉഷ്ണവീര്യവുമാണ് അമൃതിന്. ബെര്‍ബെറിന്‍, ഗിലിയന്‍ എന്ന ആല്‍ക്കലോയിഡുകളാണ് ഇതിലെ മുഖ്യ രാസവസ്തുക്കള്‍. പനിക്കെതിരായ ഔഷധവീര്യം മൂലം ഇന്ത്യന്‍ ക്വിനൈന്‍ എന്ന ഖ്യാതിയും അമൃതിനുണ്ട്. വള്ളിയാണ് നടാനായി ഉപയോഗിക്കുന്നത്.
ഇതിന്റെ വള്ളിയും കാണ്ഡവുമാണ് ഔഷധത്തിന് ഉപയോഗിക്കുന്നത്. ഇലകള്‍ക്ക് ഹൃദയാകൃതിയാണ്. മുകളില്‍നിന്നും വളരുന്ന പാര്‍ശ്വ വേരുകള്‍ പിന്നീട് തണ്ടായി മാറുന്നു. ശരീരതാപം ക്രമീകരിക്കാന്‍ അത്ഭുത ശക്തിയുള്ള ഔഷധിയാണ് ചിറ്റമൃത്. രക്തശുദ്ധിയുണ്ടാകാനും ധാതുപുഷടി വര്‍ദ്ധിപ്പിക്കാനും, മൂത്രാശയ രോഗങ്ങള്‍, ദഹനശേഷിക്കുറവ്, പ്രമേഹം, ത്വക്കരോഗങ്ങള്‍ ഇതിനെല്ലാം അമൃത് ഫലപ്രദമാണ്. ചിറ്റമൃത്, ദശമുലകങ്ങളുടെ വേര് തുടങ്ങിയവ ചേര്‍ത്തുണ്ടാക്കുന്ന അമൃതാരിഷ്ടം പനി കുറക്കാന്‍ വിശിഷ്ടമാണ്.
അമൃതിന്റെ തണ്ട്, തൊലി നീക്കി ചതച്ച് നാലുമണിക്കൂര്‍ വെള്ളത്തിലിട്ടാല്‍ ഇവയുടെ നൂറ് കിട്ടും. ഒരൌണ്‍സ് നൂറ് പത്തിരട്ടി വെള്ളത്തില്‍ ചേര്‍ത്ത് 1-3 ഔണ്‍സായി ഉപയോഗിച്ചാല്‍ ശരീരത്തിലെ ചൂട് ക്രമീകരിക്കാനാകും. രക്തശുദ്ധിയുണ്ടാകാനും എല്ലാവിധ പനികള്‍ക്കും ഇത് പ്രയോജനപ്രദമാണ്. ഇതിന്റെ തണ്ടു ചതച്ച് അര ഔണ്‍സ് നീരും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് 6 നേരം കഴിച്ചാല്‍ പനി മാറും.
വൃക്കരോഗങ്ങള്‍ക്ക് അമൃത് ഇടിച്ചു പിഴിഞ്ഞ നീര് 15 മി.ലി. വീതം രാവിലെയും വൈകീട്ടും ഉപയോഗിക്കുക. ശരീരത്തില്‍ അമിതമായുണ്ടാകുന്ന ചുട്ടുനീറ്റല്‍ മാറ്റാന്‍ അമൃതിന്‍ നൂറ് 250 മി.ഗ്രാം വീതം മൂന്നുനേരം കഴിക്കണം. വാതജ്വരം കുറയ്ക്കാന്‍ അമൃത് നെല്ലിക്കാത്തോട്, കുമിഴിന്റെ വേര് തുടങ്ങിയ ഔഷധങ്ങള്‍ സമം ചേര്‍ത്ത് കഷായമായി ഉപയോഗിക്കാം. അമൃത്, നറുനീണ്ടിക്കിഴങ്ങ്, തഴുതാമ വേര്, മുന്തിരി, ശതകുപ്പ തുടങ്ങിയവ ഉപയോഗിച്ചുണ്ടാക്കുന്ന ഗുഡുച്യാദി കഷായം വാതജ്വരത്തിനുത്തമമാണ്. ചിറ്റമൃത്, പച്ചോറ്റിത്തൊലി, ചെങ്ങഴങ്ങിനീര്‍ക്കിഴങ്ങ്, നറുനീണ്ടിക്കിഴങ്ങ് തുടങ്ങിയവ ചേര്‍ത്തു കഷായം വെച്ചുപയോഗിക്കുന്നത് പിത്തജ്വരം കുറയ്ക്കും. അമൃത്, കടുക്കാത്തോട്, ചുക്ക് തുടങ്ങിയവയടങ്ങിയ നാഗരാദികഷായം എല്ലാത്തരം പനികള്‍ക്കും ഉത്തമമാണ്. അമൃതിന്‍ നീര്, നെല്ലിക്കാനീര്, മഞ്ഞള്‍പൊടി ഇവ മൂന്നും 10 മി.ലി. വീതം വെറുംവയറ്റില്‍ കഴിക്കുന്നത് പ്രമേഹം കുറയ്ക്കാന്‍ ഉത്തമമാണ്.
അമൃതിന്‍ നീര് തേനില്‍ ചേര്‍ത്തുപയോഗിക്കുന്നത് മൂത്രവര്‍ദ്ധനവിനും അസ്ഥിസ്രാവത്തിനും ഫലപ്രദമാണ്. അമൃതിന്‍ കഷായത്തില്‍ കുരുമുളകുപൊടി ചേര്‍ത്തുപയോഗിക്കുന്നത് ഹൃദ്രോഗത്തിനും രക്തവാതത്തിനും ഫലപ്രദമാണ്. അമൃത്, മുത്തങ്ങ, ചന്ദനം, ചുക്ക് ഇവയുടെ കഷായം തലവേദനയും ജലദോഷവും പനിയും മാറ്റും. അമൃതനീര് തേന്‍ ചേര്‍ത്തുപയോഗിച്ചാല്‍ ഛര്‍‍ദ്ദി കുറയും. ദഹനക്കുറവുള്ളവര്‍ അമൃതിന്‍ നീരില്‍ ചുക്ക് പൊടിച്ചുപയോഗിക്കണം. അമൃതയിലയില്‍ വെണ്ണ പുരട്ടിയിട്ടാല്‍ കുരുക്കള്‍ പെട്ടെന്നും പഴുത്തു പൊട്ടും. കാലു വിണ്ടുകീറുന്നതിന് അമൃതയിലയും മൈലാഞ്ചിയും പച്ചമഞ്ഞളും ചേര്‍ത്തരച്ച് കിടക്കുന്നതിന് മുമ്പ് കാലിലിടുക. പ്രമേഹത്തിനും വൃക്കരോഗങ്ങള്‍ക്കുമെതിരായുള്ള സിദ്ധൗഷധമാണ് അമൃത്. ത്വക് രോഗങ്ങളും ശമിപ്പിക്കും. അമൃതും ത്രിഫലയും സമം കഷായമാക്കി ദിവസം 3 നേരം മൂന്ന് ഔണ്‍സ് വീതം സേവിച്ചാല്‍ പെരുമുട്ടുവാതം ശമിക്കും.
അമൃത് വള്ളി ഇടിച്ചുപിഴിഞ്ഞെടുത്ത നീര് 15 മില്ലി ദിവസം രണ്ടുനേരം വീതം സേവിച്ചാല്‍ മൂത്രാശയരോഗങ്ങള്‍ ശമിക്കും. ‌അമൃതിന്‍ നീരില്‍ ചുക്കുപൊടി ചേര്‍ത്ത് സേവിച്ചാല്‍ നല്ല ദഹനം ലഭിക്കും.അമൃത് ചതച്ചിട്ട് ഒരു രാത്രി വെച്ച വെള്ളം അല്പം മഞ്ഞള്‍പൊടി ചേര്‍ത്തു കുടിച്ചാല്‍ പ്രമേഹം നിയന്ത്രിക്കാം. അമൃതിന്‍ നീരും തേനും ചേര്‍ന്ന ലേപനം വ്രണങ്ങള്‍ ഉണക്കും.

Posted by : admin, 2014 Sep 09 05:09:57 pm