2015 Jan 30 | View Count: 585

താലൂക്ക് ആസ്​പത്രിയായി പ്രഖ്യാപിച്ചെങ്കിലും ബാലുശ്ശേരി ആസ്​പത്രിയില്‍ രോഗികളുടെ ദുരിതത്തിന് അറുതിയായില്ല.
ആസ്​പത്രിയില്‍ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ തിടുക്കം കാട്ടുമ്പോള്‍ രോഗികള്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നതാണ് വാസ്തവം. നൂറ്കണക്കിന് രോഗികളാണ് ഒ.പി. വിഭാഗത്തില്‍ നിത്യേന ആസ്​പത്രിയിലെത്തുന്നത്. ആസ്​പത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ ചികിത്സ കാത്ത് മണിക്കൂറുകളോളം നില്‍ക്കേണ്ട ഗതികേടിലാണിവര്‍.
ആറ് ഡോക്ടര്‍മാരാണ് നിത്യേന ആസ്​പത്രിയില്‍ എത്തേണ്ടത്. പലപ്പോഴും മൂന്നില്‍ താഴെ ഡോക്ടര്‍മാരാകും ഡ്യൂട്ടിയിലുണ്ടാവുക. ഇവര്‍ക്കാകട്ടെ ഗ്രാമീണ മേഖലകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ ചുമതലകൂടി ഏറ്റെടുക്കേണ്ടിവരുമ്പോള്‍ ചികിത്സ തേടി എത്തുന്നവരുടെ സ്ഥിതി ദയനീയമാകും. ഈ ദുസ്ഥിതി തുടരാന്‍ തുടങ്ങിയിട്ട് വര്‍ഷം രണ്ട് കഴിഞ്ഞു.
താലൂക്ക് ആസ്​പത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഭരണപക്ഷ, പ്രതിപക്ഷ കക്ഷികള്‍ ഒട്ടേറെ സമരം സംഘടിപ്പിച്ചു. എന്നാല്‍ ഇതൊന്നും ഫലം കണ്ടില്ല. ആസ്​പത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ ഉടന്‍ നിയമിക്കണമെന്ന് തിരനോട്ടം സാംസ്‌കാരിക വേദി ആവശ്യപ്പെട്ടു.

Posted by : admin, 2015 Jan 30 08:01:29 pm