2015 Jan 17 | View Count: 716

മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് കർ‌ണ്ണൻ. കുന്തീപുത്രനായി ജനിച്ചിട്ടും സൂതപുത്രനായി ജീവിക്കേണ്ടി വന്ന ഹതഭാഗ്യനായിട്ടാണ്‌ കർണ്ണനെ ചിത്രീകരിച്ചിരിക്കുന്നത്. അർജുനനേക്കാൾ മികച്ച വില്ലാളിയും ലോകം കണ്ടതിൽ വച്ചേറ്റവും വലിയ ദാനശീലനുമായിരുന്നു സൂര്യപുത്രനായ കർണ്ണൻ എന്നാണ്‌ കഥ. സ്വന്തം അനുജനായ അർജ്ജുനന്റെ കൈകളാലാൽ ചതിയിലൂടെയാണ് കർണ്ണൻ വധിക്കപ്പെട്ടത്‌.

കുന്തീഭോജരാജാവിന്റെ വളർത്തുപുത്രിയായ കുന്തീദേവിയുടെ മൂത്തപുത്രനാണ് കർണ്ണൻ. ഒരിക്കൽ ഭോജരാജന്റെ കൊട്ടാരത്തിൽ ഏഴുന്നെള്ളിയ ദുർവ്വാസാവ് മഹർഷിയെ പരിചരിച്ചത് രാജകുമാരിയായ കുന്തിയായിരുന്നു. സന്തുഷ്ടനായ അദ്ദേഹം കുന്തിയ്ക്ക് അഞ്ചു വിശിഷ്ട പുത്രസിദ്ധി മന്ത്രങ്ങൾ ഉപദേശിച്ചു കൊടുത്തു. അവ ഓരോന്നും ഏതു പ്രപഞ്ചശക്തിയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ജപിക്കുന്നുവോ, ആ ശക്തി മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ട് കുന്തിയ്ക്ക് ആ ശക്തിയുടെ ഒരു മകനെ നൽകും. ഉൽസുകത കാരണം കുന്തി ഈ മന്ത്രം പരീക്ഷിച്ചു നോക്കുവാൻതന്നെ തീരുമാനിച്ചു. ഉദിച്ചുയരുന്ന സൂര്യദേവനെ നോക്കി അതിൽ ഒരു മന്ത്രം ഉരുവിട്ടു. തുടർന്ന് ദേവൻ പ്രത്യക്ഷനാകുകയും പുത്രലബ്ദ്ധി ഉണ്ടാകുകയും ചെയ്തു. ഗർഭിണിയായ കുന്തീദേവി അപമാനഭയത്താൽ ആരോരുമറിയാതെ ഒരു തോഴിയുടെ സഹായത്താൽ പ്രസവിച്ചു. കവചകുണ്ഡലങ്ങളോടുകൂടിയ ഒരു ആൺ കുഞ്ഞായിരുന്നു അത്. ആ ചോരക്കുഞ്ഞിനെ ഒരു പേടകത്തിലാക്കി ഗംഗാനദിയിലൊഴുക്കുകയും ചെയ്തു. കാവചകുണ്ഡലങ്ങൾ ഉള്ള കാലത്തോളം ഇവനെ ആർക്കും വധിക്കാൻ കഴിയില്ല എന്ന് ജനന സമയത്ത് സൂര്യദേവൻ അരുളിച്ചെയ്തിരുന്നു. ജന്മനാ കവചകുണ്ഡലങ്ങളോടുകൂടിയുള്ള ആ പിഞ്ചുകുഞിനെ കുത്തിയൊഴുകുന്ന നദിയിൽ നിന്നും ഹസ്തിനപുരത്തിലെ തേരാളിയായ അധിരഥൻ രക്ഷിച്ചു. അദ്ദേഹവും ഭാര്യയായ രാധയും, കർണങ്ങളിൽ കുണ്ഡലങ്ങൾ ഉള്ളതിനാൽ "കർണ്ണൻ"എന്ന പേരുനൽകി എടുത്തു വളർത്തി. അങ്ങനെ "രാധേയൻ" എന്ന പേരിലും "സൂതപുത്രൻ" എന്ന പേരിലും കർണ്ണൻ അറിയപ്പെട്ടു.

കർണ്ണന്റെ ആയുധവിദ്യാഭ്യാസം കൗരവ-പാണ്ഡവപുത്രന്മാരോടുകൂടി ഗുരുവായ ദ്രോണാചാര്യരുടെ കീഴിൽ നടന്നു.പിന്നീട് പരശുരാമന്റെ കീഴിലും ആയുധവിദ്യ അഭ്യസിച്ചു.പാണ്ഡുപുത്രന്മാരുടേയും ധൃതരാഷ്ട്രപുത്രന്മാരുടേയും ആയുധവിദ്യാഭ്യാസം പൂർത്തിയായപ്പോൾ അവർക്കോരോരുത്തർക്കുമുള്ള സാമർഥ്യം സഭയിൽ പരീക്ഷിച്ചറിയുവാൻവേണ്ടി ഒരു പരീക്ഷാരംഗം സജ്ജമാക്കാൻ ഭീഷ്മാചാര്യർ ഏർപ്പാടുചെയ്തു. അർജ്ജുനനെപ്പോലെ എല്ലാവിധ ആയുധങ്ങളിലും പ്രത്യേകിച്ച് അസ്ത്രവിദ്യയിൽ ഏറ്റവും സമർഥനായി മറ്റാരുമില്ലെന്ന അഭിപ്രായം സഭയിൽ ഉയർന്നുവന്നു. ഉടനെ അതിനെ നിഷേധിച്ചുകൊണ്ട് ദുര്യോധനൻ കർണ്ണനെ രംഗത്തുകൊണ്ടുവന്നു. അർജ്ജുനനും കർണ്ണനും തമ്മിൽ മൽസരിച്ചു സാമർഥ്യം തെളിയിക്കട്ടെ അപ്പോൾ ആരാണ് ഏറ്റവും സമർഥൻ എന്നു തീരുമാനിക്കാമെന്ന് ദുര്യോധനൻ ഉദ്ഘോഷിച്ചു. എന്നാൽ ഇതു കേട്ടു കൃപാചാര്യർ കർണ്ണനെ വളരെയധികം ഭൽസിച്ചു. ക്ഷത്രിയനും രാജവംശാംഗവുമായ അർജ്ജുനന്റെ മുന്നിൽ വെറും സൂതപുത്രനും കുലഹീനനുമാണ് കർണ്ണനെന്നും അദ്ദേഹം അധിക്ഷേപിക്കുകയുണ്ടായി. തുടർന്ന് രംഗത്തുനിന്നും പുറത്തുപോകുവാനും ആജ്ഞാപിച്ചു. തൽക്ഷണം തന്നെ ദുര്യോധനൻ,ഹസ്തിനപുരം ചക്രവർത്തിയായ ധൃതരാഷ്ടരുടേയും ഗുരുക്കന്മാരുടേയും സാന്നിദ്ധ്യത്തിൽ കർണ്ണനെ അംഗരാജ്യത്തെ രാജാവായി പ്രഖ്യാപിക്കുകയും അഭിഷേകം ചെയ്യിക്കുകയും ചെയ്തു.

ഈ സംഭവത്തോടെ ദാനശീലനും സദ്ഗുണങ്ങളും സദാചാരമര്യാദകളും ജന്മംകൊണ്ട് ഉൽക്കൃഷ്ടനുമായിരുന്ന കർണ്ണൻ ദുര്യോധനന്റെ ആത്മമിത്രമായി. അതേസമയം ഇത് കർണ്ണനെ പാണ്ഡവരുടെ ശത്രുവുമാക്കിത്തീർത്തു.ആപത്തിൽ അഭിമാനം കാത്ത ആത്മമിത്രമായ ദുര്യോധനന്റെ ഏതു ദുഃഷ് പ്രവർത്തിക്കും കർണ്ണൻ കൂട്ടുനിന്നു. കർണ്ണൻ വൃഷാലി എന്ന യുവതിയെ വിവാഹം ചെയ്യുകയും അതിൽ ഒൻപത് പുത്രൻമാർ ജനിക്കുകയും വ്രസസേന,ശുദ്ധാമാ,ശത്രുഞ്ജയ,ദ്വിപത,സുസേന,സത്യേശ,ചിത്രസേന,സുശർമ്മ(ബനസേന),വൃഷകേതു എന്നിപേരുകളിൽ അറിയപെടുന്നു

മഹാഭാരതയുദ്ധം ആസന്നമായ നാളുകളിൽ ഒരു ദിവസം ദേവന്മാരുടെ രാജാവായ ഇന്ദ്രൻ വിചാരിക്കുകയുണ്ടായി, യുദ്ധത്തിൽ തന്റെ പുത്രനായ അർജ്ജുനന്റെ പ്രധാന എതിരാളി കർണ്ണനായിരിക്കും. അവന്റെ ശരീരത്തിൽ കവചകുണ്ഡലങ്ങൾ ഉള്ള കാലത്തോളം അവനെ ആർക്കും വധിക്കുവാനോ ജയിക്കുവാനോ സാധ്യമല്ല. അതിനാൽ ദാനശീലനായ കർണ്ണന്റെ കയ്യിൽ നിന്നും അത് എങ്ങിനെയെങ്കിലും ചോദിച്ചുവാങ്ങണം.ഇന്ദ്രന്റെ ഇപ്രകാരമുള്ള വിചാരം ജ്ഞാനദൃഷ്ടിയാൽ അറിഞ്ഞ സൂര്യഭഗവാൻ ഒരുദിവസം രാത്രിയിൽ ഏകനായിരിക്കുന്ന കർണ്ണന്റെ മുൻപിൽ ഒരു ബ്രാഹ്മണവേഷത്തിൽ പ്രത്യക്ഷപ്പെടുകയും ഉപചാരപൂർവ്വംവന്ദിച്ച കർണ്ണനോട് സൂര്യൻ അദ്ദേഹത്തിന്റെ ജന്മരഹസ്യം ധരിപ്പിക്കുകയും ചെയ്തു. തുടർന്ന് ജനിച്ചപ്പോൾ കർണ്ണന്റെ ശരീരത്തിൽ താൻ അണിയിച്ച കവചകുണ്ഡലങ്ങൾ ഒരിക്കലും കൈവെടിയരുതെന്നും അവ ശരീരത്തിൽ ഉള്ള കാലത്തോളം നിന്നെ ആർക്കും ജയിക്കാൻ സാധ്യമല്ലെന്നും സൂര്യഭഗവാൻ അറിയിച്ചു.എന്നാൽ ബ്രാഹ്മണ വേഷധാരിയായി വന്ന ഇന്ദ്രന് കർണ്ണൻ അവ ദാനം ചെയ്തു.

കുന്തീദേവി കർണ്ണനു മുൻപിൽ വന്ന് കർണ്ണൻ അവരുടെ മകനാണെന്നും പാണ്ഡവരുടെ ജേഷ്ഠനാണെന്നും വെളിപ്പെടുത്തി.എന്നാൽ സൃഹൃത്തായ ദുര്യോധനനെ കൈവിടാൻ തയ്യാറല്ലെന്നും മാതാവിനു വേണ്ടി അർജുനൻ ഒഴിച്ചുള്ള പാണ്ഡവരെ താൻ വധിക്കില്ലെന്നും കർണ്ണൻ കുന്തിയെ അറിയിച്ചു.

കൗരവരും പാണ്ഡവരും തമ്മിലുള്ള സ്പർദ്ധ കാലക്രമേണ വളർന്ന് അതിന്റെ മൂർദ്ധന്ന്യാവസ്ഥയിലെത്തുകയും ഒടുവിൽ കുരുക്ഷേത്രഭൂമിയിൽ നടന്ന ഭയങ്കരമായ ഭാരതയുദ്ധത്തിൽ കലാശിക്കുകയും ചെയ്തു. കുരുക്ഷേത്രയുദ്ധത്തിൽ കൗരവപക്ഷം ചേർന്നാണു കർണ്ണൻ പോരാടിയത്. കവചകുണ്ഡലങ്ങൾക്കു പകരമായി കർണ്ണൻ ഇന്ദ്രന്റെ കയ്യിൽ നിന്നും 'വൈജയന്തി' എന്ന ഒരു വേൽ വാങ്ങിയിരുന്നു. അർജുനനു നേരെ പ്രയോഗിക്കാൻ കർണ്ണൻ ഇത് സൂക്ഷിച്ചു. എന്നാൽ ഇതറിയാവുന്ന കൃഷ്ണൻ ഭീമപുത്രനായ ഘടോൽകചനെ യുദ്ധത്തിന്റെ പതിനാലാം ദിവസം കർണ്ണനു നേരെ അയക്കുകയും വേലുപയോഗിച്ച് കർണ്ണൻ ഘടോൽകചനെ വധിക്കുകയും ചെയ്തു. യുദ്ധത്തിന്റെ പതിനാറാം ദിവസം കർണ്ണൻ സർവ്വസൈന്യാധിപനായി നിയമിതനായി.

കുരുക്ഷേത്രയുദ്ധത്തിന്റെ പതിനേഴാം ദിവസമാണ് കർണ്ണൻ കൊല്ലപ്പെടുന്നത്.അർജുനനുമായി നേരിട്ടേറ്റു മുട്ടിയ കർണ്ണൻ തന്റെ രഥം ചെളിയിൽ താണുപോയതിനെ തുടർന്ന് ഏറ്റുമുട്ടൽ തത്കാലം നിർത്തി വയ്ക്കാൻ അർജുനനോടാവശ്യപ്പെടുന്നു.എന്നാൽ ഇപ്പോഴല്ലാതെ പിന്നൊരിക്കൽ കർണ്ണനെ കൊല്ലാനാവില്ലെന്നറിയാവുന്ന കൃഷ്ണൻ ഉടൻ തന്നെ കർണ്ണനെ വധിക്കാൻ അർജുനനെ ഉപദേശിക്കുന്നു.തുടർന്ന് അർജുനൻ കർണ്ണനെ വധിക്കുന്നു

കർണ്ണന്റെ വധത്തിനു നിരവധി ശാപങ്ങൾ കാരണമായിട്ടുണ്ട്.ക്ഷത്രിയനായ കർണ്ണൻ ഒരു ബ്രാഹ്മണനെന്ന വ്യാജേനയാണ് ക്ഷത്രിയവിദ്വേഷിയായ പരശുരാമന്റെ അടുക്കലേയ്ക്ക് ആയുധവിദ്യ അഭ്യസിക്കാൻ പോകുന്നത്.പിന്നീട് കർണ്ണൻ ക്ഷത്രിയനാണെന്നറിയുന്ന പരശുരാമൻ അവശ്യ സമയത്ത് പഠിച്ച വിദ്യ ഉപകരിക്കാതാവട്ടെ എന്ന് കർണ്ണനെ ശപിക്കുന്നു.ഈ പഠനത്തിനിടയ്ക്ക് കർണ്ണൻ ഒരു ബ്രാഹ്മണന്റെ പശുവിനെ കൊല്ലുകയും ബ്രാഹ്മണൻ കർണ്ണനെ ശപിക്കുകയും ചെയ്തു.മറ്റൊരിക്കൽ ഭൂമിദേവിയും കർണ്ണനെ ശപിക്കുന്നു.ഈ ശാപങ്ങൾ കാരണമാണ് കർണ്ണന്റെ രഥം യുദ്ധത്തിനിടെ ചളിയിലാണ്ട് പോകുന്നത്.

Posted by : admin, 2015 Jan 17 09:01:13 pm